Friday, August 18, 2017

ഞാൻ എന്ന സ്പോർട്സ് ഭ്രാന്തൻ

എണ്പതുകളുടെ അവസാനത്തിലാണ് പത്രവായന ഞാൻ ആരംഭിക്കുന്നത്. അന്ന് പ്രായം എട്ടോ ഒന്പതോ ആണ്. തുടക്കത്തിൽ പത്രത്തിലെ തലക്കെട്ടുകൾ ആണ് വായിച്ചിരുന്നതെങ്കിൽ അധികം വൈകാതെ പത്രവായന എങ്ങനെയോ ദൈനംദിന ജീവിതത്തിന്റെ ഒരു ഭാഗമായി മാറി. ഇത്രയും മുഖവുരയായി പറയാൻ കാരണം ആ പത്രവായന ആണ് എന്നിൽ ഒരു കളിഭ്രാന്തനെ സൃഷ്ടിച്ചെടുത്ത്.

1991 ൽ ആണെന്ന് തോന്നുന്നു ആദ്യമായി ക്രിക്കറ്റ് മത്സരങ്ങൾ കണ്ടു തുടങ്ങുന്നത്. ക്രമേണ കണ്ട മത്സരങ്ങളുടെ സ്കോർ ഷീറ്റുകൾ നോക്കുന്നത് ഹരമായി തുടങ്ങി. പിന്നെ പത്രം കിട്ടിയാൽ ആദ്യം നോക്കുന്നത് സ്പോർട്സ് പേജ് ആയി മാറി. ആദ്യമൊക്കെ ക്രിക്കറ്റും അതും ഇന്ത്യയുടെ മത്സരങ്ങളുടെ സ്കോറും ആയിരുന്നു നോക്കിയിരുന്നതെങ്കിൽ ക്രമേണ സ്പോർട്സ് പേജിലെ എല്ലാ വാർത്തകളും അരച്ചു കലക്കി കുടിക്കാൻ തുടങ്ങി. ദോഷം പറയരുതല്ലോ. അതുകൊണ്ടു സ്കൂളിൽ പഠിച്ച കാര്യങ്ങൾ  ഓർമ്മയിൽ ഇല്ലെങ്കിലും 1992 ലെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ രവി ശാസ്ത്രിയുടെ ഉയർന്ന സ്കോറോ 1996 ലെ ഇംഗ്ലണ്ട് പര്യടനത്തിൽ ഗാംഗുലി എത്ര സെഞ്ചുറി അടിച്ചു എന്നോ ആരെങ്കിലും ചോദിച്ചാൽ ഇപ്പോഴും കൃത്യമായി പറയാൻ കഴിയും.

കൂടുതൽ ഭ്രാന്തു ക്രിക്കറ്റ് മത്സരങ്ങളോട് ആയിരുന്നെങ്കിലും ചാനൽ ടെലികാസ്റ്റ് ചെയ്യുന്ന ടെന്നീസും ഫുട്ബാളും ഒക്കെ ഒന്നും ഒഴിവാക്കാതെ കാണാൻ തുടങ്ങി. 1996 ൽ ആണ് വീട്ടിൽ ആദ്യമായി ടീവി വാങ്ങുന്നത്. അതുവരെ ബന്ധു വീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലും ഒക്കെ ആയിരുന്നു ടീവി കാണാൻ പോയിരുന്നത്.

മത്സരങ്ങൾ കാണാൻ മാത്രമല്ല കളിക്കാനും ഒരുപാട് സമയം കണ്ടെത്തിയിരുന്നു. കളിക്കാൻ കൂടുതൽ താല്പര്യം ക്രിക്കറ്റും ബാഡ്മിന്റൻ ഉം ചെസ്സും ആയിരുന്നു. നല്ലൊരു കളിക്കാരൻ ആകാൻ കഴിഞ്ഞില്ലെങ്കിലും ജീവിതത്തിൽ നല്ലൊരു സമയം കളിച്ചു കളഞ്ഞിട്ടുണ്ട്. അതു ജീവിതത്തിന്റെ സുവർണ്ണ കാലഘട്ടമായി തന്നെ ഇപ്പോഴും കാണുന്നു.

സ്പോർട്സ് ഭ്രാന്തു തലക്കു പിടിച്ചിരുന്ന സമയത്തു ഒരിക്കൽ വിശ്വനാഥൻ ആനന്ദിന്റെ ചെസ്സ് മത്സരം ടെലികാസ്റ്റ് ചെയ്യുന്നത് അറിഞ്ഞു. അതു കാണാൻ ചെന്നപ്പോഴാണ് മനസ്സിലായത് അതൊക്കെ കാണാൻ അപാര ക്ഷമയും സഹനശേഷിയും വേണമെന്ന്. ഒരു പക്ഷെ ഇന്ത്യയിൽ ആനന്ദിന്റെ ചെസ്സ് മത്സരം ലൈവായി കാണാൻ ശ്രമിച്ച അപൂർവ്വം വ്യക്തികളിൽ ഒരാൾ ഞാൻ ആയിരിക്കും. എന്തായാലും മത്സരം പൂർണ്ണമായി കാണാതെ തന്നെ ഞാൻ സ്ഥലം വിട്ടു.

കോളജിൽ എത്തിയപ്പോഴും ക്രിക്കറ്റ് മത്സരഭ്രാന്തു മാറിയിരുന്നില്ല. പലപ്പോഴും പ്രധാന മത്സരങ്ങൾ നടക്കുമ്പോൾ വീട്ടിൽ അറിയാതെ ക്ലാസ്സിൽ കയറാതെ സുഹൃത്തുക്കളുടെ ഒപ്പം എവിടെയെങ്കിലും പോയി കളി കാണുമായിരുന്നു. വീട്ടിൽ അറിയാതെ കലൂരിൽ രണ്ടു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരവും കാണാൻ പോയിട്ടുണ്ട്.

സ്പോർട്സ് ഭ്രാന്തിനെ കുറിച്ചു പറയുമ്പോൾ നമ്മുടെ ആരാധന പാത്രങ്ങളെ കുറിച്ചും സൂചിപ്പിക്കനമല്ലോ. കപിൽ, ദ്രാവിഡ്, ഗാംഗുലി, സച്ചിൻ, സേവാങ്, ഗിൽക്രിസ്റ്, ലിയാൻഡർ പയസ്, പിറ്റ് സംപ്രസ്, ബോറിസ് ബേക്കർ, ഹന്സി ക്രോണ്യ, വസീം അക്രം, റോബർട്ടോ ബാജിയോ, ഓർട്ടഗോ, റൊണാൾഡോ, സിദാൻ, മാർട്ടീന ഹിൻജിസ്, സെർജി ബുബക, തുടങ്ങി പുതു തലമുറയിലെ നദാൽ, നെയ്മർ, കോഹ്ലി തുടങ്ങിയവർ ഒക്കെ ആണ് ഇഷ്ടതാരങ്ങൾ.

സ്പോർട്സ് ഭ്രാന്തിന്റെ ഭാഗമായി സ്പോർട്സ് സ്റ്റാർ മഗസിനും , മാതൃഭൂമി സ്പോർട്സ് മാഗസിനും ഒക്കെ കുറെ വർഷം സ്ഥിരമായി വരുത്തിച്ചു വീട്ടുകാരുടെ കാശു കുറെ കളഞ്ഞിട്ടുണ്ട്. അപ്പോൾ വാങ്ങിയ ചില ബുക്കുകൾ ഇപ്പോൾ കാണുമ്പോൾ തോന്നാറുണ്ട് മിക്കവാറും അതു ഞാനും എഴുതിയ ആളും മാത്രമേ വായിച്ചു കാണൂ എന്നു.  ആ സമയത്തു PSC കോച്ചിങ്ങിന്റെ ബുക്ക് വാങ്ങി പഠിച്ചിരുന്നെങ്കിൽ ഈ അറബി നാട്ടിൽ വന്നു ചൂട് കൊള്ളാതെ ഇന്ന് ഏതെങ്കിലും നല്ല സർക്കാർ പോസ്റ്റിൽ ഇരിക്കാമായിരുന്നു. ഇനി പറഞ്ഞിട്ടു എന്തു കാര്യം?

ഇന്ത്യൻ ടീമിന്റെ വിൻഡീസ് പര്യടനവും ലോകകപ്പ് ഫുട്ബാളും ആണ് എന്നെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ചിട്ടുള്ളത്. കാരണം മറ്റൊന്നുമല്ല. പാതിരാത്രി ഒരു മണിക്കും രണ്ടു മണിക്കും ഒക്കെയാണ് ഈ മത്സരങ്ങൾ. ഉറക്കമൊഴിച്ചു രാത്രി സൈക്കിൾ ചവിട്ടി കൂട്ടുകാരന്റെ വീട്ടിൽ പോയി മത്സരം കാണുന്ന ബുദ്ധിമുട്ടു ഒരുപാട് അനുഭവിച്ചിട്ടുണ്ട്. അതൊക്കെ ഒരു കാലം.

ഇപ്പോൾ കുറെ വർഷങ്ങൾ ആയി മത്സരങ്ങൾ കാണാൻ വേണ്ടി സമയം കണ്ടെത്താറില്ല. എങ്കിലും വീട്ടിൽ ഉള്ളപ്പോൾ മത്സരം ഇപ്പോഴും കാണാറുണ്ട്. അതു ക്രിക്കറ്റ് ആയാലും ഹോക്കി ആയാലും ടെന്നീസ് ആയാലും വേർതിരിവില്ല. Cricinfo മൊബൈൽ ആപ്പും ഡൌൺലോഡ് ചെയ്തു ഇട്ടിട്ടുണ്ട്. ഈ അവസരത്തിലാണ് സുരാജ് വെഞ്ഞാറമൂട് ന്റെ പ്രസിദ്ധമായ ഒരു ഡയലോഗ് ഓർമ്മ വരുന്നത്. " മുഖത്തു എത്ര വിനയം വാരി തേച്ചു വച്ചാലും ചില സമയങ്ങളിൽ ഉള്ളിന്റെ ഉള്ളിലെ ഫ്രോഡുകൾ പുറത്തു വരുമെന്ന് "

Sunday, March 8, 2015

ഗുണപാഠം ഒന്ന്: പറ്റാത്ത പണിക്കു പോകരുത്‌

സംഭവം ഏകദേശം18-19വര്ഷം മുന്പ് നടന്നതാണ് . പത്താം ക്ലാസ്സ് ബോര്ഡ് പരീക്ഷക്ക് തയ്യാറെടുക്കുന്ന കാലം. സ്‌കൂളില്‍ അത്യാവശ്യം മോശമല്ലാത്ത ഇമേജ് ഒക്കെ എനിക്ക് ഉണ്ടായിരുന്നു (ഇത്എന്റെ മാത്രംവിചാരം). ബോര്ഡ് പരീക്ഷക്ക് മുന്പുള്ള model പരീക്ഷ തുടങ്ങാറായി. സുഹൃത്തുക്കളൊക്കെ നല്ല തയ്യാറെടുപ്പില്‍ ആണ്. ഞാനും.
കൂട്ടുകാരില്‍ പലരും കോപ്പിയടിക്കാന്‍ പ്രത്യേകം വൈദഗ്ദ്യം നേടിയവരായിരുന്നു. ചിലര് 210 ഒപ്പിച്ചെടുക്കാന്‍ വേണ്ടിയും മറ്റു ചിലര് ഒരു ഫസ്റ്റ് ക്ലാസ്സ് ഒപ്പിക്കാന്‍ വേണ്ടിയും കുറച്ചുപേര്‍ ഉന്നത മാര്ക്ക് വാങ്ങാന്‍ വേണ്ടിയും ഒക്കെ കോപ്പിയടിക്കാന്‍ തയ്യാറായിരുന്നു. അങ്ങനെ എന്റെ മനസ്സിലും ഒരു ലഡ്ഡു പൊട്ടി. കൂട്ടുകാര്ക്ക് ആവാമെങ്കില്‍എനിക്കുംഅതൊന്നു പരീക്ഷിച്ചു കൂടെ. അങ്ങനെ ഞാനും തീരുമാനിച്ചു final പരീക്ഷക്ക് മുന്പ് മോഡല്‍ എക്‌സാമിനു കോപ്പിയടി ഒന്ന്പരീക്ഷിക്കാം എന്ന്.
അന്നും ഇന്നും ഹിന്ദി എനിക്ക് ഒരു ബലഹീനത ആയിരുന്നു. എത്ര പഠിച്ചാലും ഹിന്ദിക്ക്പരമാവധി ഒരു 30-35 (50) മാര്ക്ക്കടക്കില്ലായിരുന്നു.അപ്പോള്‍ പരീക്ഷണം ആ വിഷയത്തില്‍ തന്നെആവാം എന്ന് ഞാനും കരുതി. കോപ്പിയടിയില്‍ സര്ഗ്ഗത്മകമായ വാസനയുണ്ടായിരുന്ന സുഹൃത്തുക്കളുടെ ശിഷ്യത്വം തേടാന്‍ ഞാന്‍ പോയില്ല.(അവന്മാരുടെ ശാപത്തിന്റെഫലം എനിക്ക് കിട്ടി). എന്റെ ഗവേഷണത്തിന്റെ ഫലമായിസ്വന്തമായ ഒരു മാര്ഗ്ഗം ഞാന്‍ വികസിപ്പിച്ചെടുത്തു(ഒടുക്കത്ത ഗവേഷണം). അങ്ങനെ കാത്തിരുന്ന ആ ദിവസം എന്നെ തേടിയെത്തി.ഹിന്ദി പരീക്ഷക്ക് ഹാളില്‍ കയറി. ബെല്ല് അടിച്ചത് മുതല്ജീവിതത്തില്‍ അന്നോളം അനുഭവിച്ചിട്ടില്ലാത്ത ഒരു നെഞ്ഞിടിപ്പ് ഞാന്‍ അന്ന് ആദ്യമായി അനുഭവിച്ചു. എങ്കിലും അത് പുറത്ത് കാണിക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചു.
മുന് ഹിന്ദി പരീക്ഷയുടെ question പേപ്പറില്‍ വരാന്‍ സാധ്യത ഉണ്ടായിരുന്ന ഒരു പദ്യത്തിന്റെ ഏതാനും വരികള്‍ ആയിരുന്നു ഞാന്‍ എഴുതി വച്ചിരുന്നത്. എന്റെ നിര്ഭാഗ്യതിനു എഴുതി വച്ചിരുന്ന പദ്യം തന്നെ ചോദ്യമായി വന്നു. പരീക്ഷ തുടങ്ങി കുറെ കഴിഞ്ഞപ്പോള്‍ ആരും കാണുന്നില്ല എന്ന് സ്വയം ഉറപ്പു വരുത്തി പഴയ ചോദ്യ പേപ്പറും ഉത്തര കടലാസിനു അടിയില്‍ വച്ച് വളരെ കഷ്ടപ്പെട്ട് എന്തോ എഴുതാന്‍ തുടങ്ങി.
ഉടന്‍ തന്നെ എന്റെ ചരിത്രം അദ്ധ്യാപിക ഒരു blank പേപ്പറുമായി എന്റെ സമീപത്തു എത്തി. ഒരു ശരാശരിയോ അതിനു മുകളിലോ പഠിക്കുന്നവര്‍ക്ക് ഒരു പേപ്പര്‍ മുഴുവന്‍ എഴുതി കഴിയുന്നതിനു മുന്‍പ് തന്നെ പുതിയ പേപ്പര്‍ എത്തിക്കുന്ന പതിവുണ്ടല്ലോ?(ആ പതിവ് തുടങ്ങിയവരെ ആദ്യം തല്ലണം). പുതിയ പേപ്പര്‍ വയ്ക്കാനായി എന്റെ ഉത്തരക്കടലാസ് ടീച്ചര്‍ തന്നെ ഉയര്ത്തി. എന്റെ നെഞ്ചിടിച്ചു. എന്റെ കൈവശം രണ്ടു ചോദ്യ പേപ്പര്‍ ഇരിക്കുന്നത് ടീച്ചര്‍ കണ്ടു. എടുത്തു നോക്കി. ഒന്നും മിണ്ടിയില്ല. പഴയ ചോദ്യ പേപ്പറുമായി അദ്ധ്യാപിക മടങ്ങി പോയി.
ഞാന്‍ ആശ്വസിച്ചില്ല. പണി പുറകെ വരുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അധികം വൈകിയില്ല. പണി പുറകിലല്ല മുന്പില്‍ തന്നെ വന്നു. അതാ മുന്നില് വിജയന് sir നല്ല മുള വടിയുമായി നില്ക്കുന്നു. പുള്ളിക്കാരന്‍ അക്കാലത്തു സ്‌കൂളിലെ ഔദ്യോഗിക ആരാച്ചാര്‍ ആയിരുന്നു. നല്ല വെടിപ്പായി തന്നെ തന്റെ പണി ചെയ്യും. കൂടുതല്‍ ഒന്നും എന്നോട് ചോദിച്ചില്ല. തിരിഞ്ഞു നില്ക്കാന്‍ മാത്രംആവശ്യപ്പെട്ടു. പിന്നെ എനിക്ക് എന്താ സംഭവിച്ചതെന്ന് ഓര്മ്മയില്ല. ഇന്നസിന്റ്‌റ് ന്റെ ഡയലോഗ് ആണ് ഇപ്പോള്‍ ഓര്മ്മ വരുന്നത്. ‘ഇതെന്താ ഇവിടെ സംഭവിച്ചത് ? ഇന്ന് വിഷുവാ?’ പോയിരുന്നു പരീക്ഷഎഴുതടാ! ഇത് sir പറഞ്ഞത് മാത്രംഓര്‍മ്മയുണ്ട് .
പിന്നെ എന്തെങ്കിലും ആ പേപ്പറില്‍ അന്ന് എഴുതിയോ എന്ന് എനിക്ക് ഓര്മ്മയില്ല. സത്യത്തില്‍ അന്ന് അടിയുടെ വേദനെയെക്കാള്‍ എന്നെ വിഷമിപ്പിച്ചത് എല്ലാരുടെയും മുന്പില്‍ ഒരു കോപ്പിയടിക്കാരന്‍ ആയി മാറിയതില്‍ ആയിരുന്നു.അന്ന്മോഡല്‍ exam നടത്തിയത് ഒരു common hallഇല് ആയിരുന്നു. അതായത് എല്ലാ division ലെയും എല്ലാ കുട്ടികളും വിജയന് sir എന്റെ കാലില്‍ പടക്കം പൊട്ടിച്ചത് ലൈവ് ആയി തന്നെ കണ്ടു. ഇതില്‍പ്പരം ഒരു നാണക്കേട് ജീവിതത്തില്‍ ഇനി വരാനുണ്ടോ?
പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങി. ഡോറ ടീച്ചര്‍(ഹിന്ദി) എന്നെ വിളിച്ചു ആദ്യം ചോദിച്ചത് ഇതായിരുന്നു. ഇത് എഴുതി വക്കാന്‍ എടുത്തതിന്റെ പകുതി സമയം മതിയായിരുന്നല്ലോ ഇത് നിനക്ക് മനപാടമാക്കാന്‍. എനിക്ക് ‘സന്തോഷമായി’. അന്നത്തെ സ്‌കൂളിലെ ചര്ച്ചാ വിഷയം ഞാന്‍ ആയിരുന്നെന്നു എനിക്ക് അപ്പോള് മനസ്സിലായി. പിന്നെ ടീച്ചര്‍ എനിക്ക് ഒരു ഉപദേശവും തന്നു. ഇതിന്റെ പേരില് വീട്ടില്‍ പോയി ഒന്നും ആലോചിചിരിക്കാതെ നല്ല വണ്ണം പഠിക്കണം. ഞാന് വല്ല ആത്മഹത്യയും ചെയ്യുമോ എന്ന് ഭയന്നിട്ടായിരിക്കണംടീച്ചര്‍ അങ്ങനെ പറഞ്ഞത്. എന്തായാലും ആ സംഭവം എന്നെ കുറെ നാള്‍ വേട്ടയാടിയിരുന്നു എന്നുള്ളത് സത്യം.
ഈ സംഭവം ഇപ്പോള്‍ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചതിന് ഒരു കാരണമുണ്ട്. ഇക്കഴിഞ്ഞ അവധിക്കു നാട്ടില്‍ പോയപ്പോള്‍ മേനം കുളത്തിന് സമീപം(ഗെയിംസ് വില്ലേജ്) വച്ചു യാദൃചികമായി  ആറാം ക്ലാസ്സില്‍ എന്നെ ചരിത്രം പഠിപ്പിച്ച അധ്യാപികയെ കാണാനിടയായി. എന്റെ നല്ല പകുതിയും കൂടെയുണ്ടായിരുന്നു.എന്റെ പേര് ഓര്‍ത്തെടുക്കാന്‍ ടീച്ചര്‍ക്ക് അധികം ബുദ്ധിമുട്ട് ഉണ്ടായില്ല. പിന്നെ ടീച്ചര്‍ പറഞ്ഞത് കേട്ട് ശെരിക്കും ഞാന്‍ ഞെട്ടി പോയി! ‘redstar നെ കണ്ടപ്പോള്‍ എനിക്ക് ഓര്മ്മ വന്നത് പണ്ട് മോഡല്‍ പരീക്ഷക്ക് കോപ്പിയടിച്ചതാണ്.’ എന്റെ ഭഗവാനെ ! വര്ഷം 10-20 ആയി.ഇവര്ക്ക് എന്നെ കുറിച്ച് ഒര്തിരിക്കാന്‍ മറ്റൊന്നും കിട്ടിയില്ലല്ലോ. 8-10 വര്ഷം ഞാന് ആ സ്‌കൂളില്‍ ഉണ്ടായിരുന്നിട്ടും ഇവര്ക്ക് ഓര്മ്മ വന്നത് ഇക്കാര്യം മാത്രമാണല്ലോ? അന്ന് കാണിച്ച ഒരു മണ്ടത്തരത്തിന്റെ ഫലമേ?എന്തായാലും ടീച്ചര്‍ മായികുറച്ചു കുശല അന്വേഷണം പറഞ്ഞു പിരിഞ്ഞു.
സത്യത്തില്‍ ഇന്ന് ആ സംഭവംഓര്‍ക്കുമ്പോള്‍ ഒരു കൌതുകം ആണ് എന്നില്‍ ഉണ്ടാക്കുന്നത്. ഒരു പക്ഷെ എന്റെ കൂട്ടുകാര് പോലും മറന്ന ഈ കഥ വീണ്ടും ഓര്‍മ്മപ്പെടുതിയതിലൂടെ അവരെയും അലപ്പ നേരം ബാല്യകാല സ്മരണകളിലേക്ക് കൂട്ടിക്കൊണ്ടു പോകുക എന്ന ലക്ഷ്യം കൂടെയുണ്ട്.

Thursday, June 21, 2012

വീണ്ടുമൊരു മഴക്കാലം വരുമ്പോള്‍ .........................


1991 ജൂണ്‍ മാസം ഏഴാം തിയതിയോ എട്ടാം തിയതിയോ എനിക്കുണ്ടായ ഒരു അനുഭവം ഇവിടെ പങ്കു വയ്ക്കാം.
രണ്ടാം ക്ലാസ്സ്‌ വരെ പള്ളിതുറ സ്കൂളില്‍ പഠിച്ചിരുന്ന ഞാന്‍ മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പിന്നീട് ആറാം ക്ലാസ്സില്‍ ആണ് അതെ സ്കൂളില്‍ തിരിച്ചെത്തിയത്‌. ഞാന്‍ നാട്ടില്‍ ഇല്ലാതിരുന്നത് കാരണം ക്ലാസ്സ്‌ തുടങ്ങി ഒരാഴ്ച കഴിഞ്ഞാണ് എനിക്ക് ജോയിന്‍ ചെയ്യാന്‍ കഴിഞ്ഞത്. ആറാം ക്ലാസ്സിലെ എന്റെ ആദ്യ ദിവസം. ഞാന്‍ C ഡിവിഷനില്‍ ആണ്. ക്ലാസ്സിന്റെ ചുമതല മേഴ്സി ടീച്ചറിന് ആണ്. വൈകി ജോയിന്‍ ചെയ്തതിന്റെ കാരണം ഓഫീസില്‍ ബോധിപ്പിച്ചു. തുടര്‍ന്ന് അന്നത്തെ സ്കൂള്‍ ക്ലാര്‍ക്ക് ആയിരുന്ന ജോസഫ്‌ അങ്കിള്‍ എന്നെ ക്ലാസ്സിലോട്ടു കൂട്ടി കൊണ്ട് പോയി. പുതിയ കുട്ടി ജോയിന്‍ ചെയ്യാന്‍ വന്നതാണെന്ന് ജോസഫ്‌ അങ്കിള്‍ ടീച്ചറെ അറിയിച്ചു. [ ടീച്ചറിന്റെ മുഖ ഭാവം കണ്ടപ്പോള്‍ തന്നെ പൊതുവേ ദുര്‍ബല ഹൃദയനായ എന്നില്‍ ഉള്ള ധൈര്യം കൂടെ ചോര്‍ന്നു പോയി. ] തുടര്‍ന്ന് അങ്ങോട്ട്‌ ടീച്ചറിന്റെ ചോദ്യം ചെയ്യലായി. സ്കൂള്‍ തുടങ്ങുന്നത് എന്നാണെന്ന് നിനക്ക് അറിയില്ലേ? ഇതാണോ നിന്റെ യൂണിഫോം?[യൂണിഫോം തയ്ച്ചു കിട്ടാത്തത് കാരണം ഉള്ള ഒരു വെള്ള ഉടുപ്പും നീല പാന്റും ഇട്ടാണ് ഞാന്‍ സ്കൂളില്‍ പോയത് ]. ഇതുപോലുള്ള വേഷം കെട്ടി ഇനി ഇങ്ങോട്ട് വന്നേക്കരുത്. ചോദ്യം ചെയ്യലിന്റെ പട്ടിക കുറച്ചു കൂടെ അങ്ങനെ നീണ്ടു. അവസാനം എന്റെ നിസ്സഹായാവസ്ഥ കണ്ടു ജോസഫ്‌ അങ്കിള്‍ ഒരു വിധത്തില്‍ കാര്യം പറഞ്ഞു ടീച്ചറെ ബോധിപ്പിച്ചു. സ്വാഭാവികമായും ടീച്ചറോട് എനിക്ക് ദേഷ്യം തോന്നി എന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ. പുതിയ സ്കൂള്‍, പുതിയ കുട്ടികള്‍, അവരുടെ മുന്‍പില്‍ ആദ്യ ദിവസം ക്ലാസ്സ്‌ ടീച്ചറില്‍ നിന്നും ഇത്തരം ഒരു അനുഭവം. എനിക്ക് അക്കാലത്തു അത്
സഹിക്കാവുന്നതിനും
അപ്പുറം ആയിരുന്നു.
പില്‍ക്കാലത്ത് പത്താം ക്ലാസ്സ്‌ കഴിഞ്ഞു ആ സ്കൂളിന്റെ പടി ഇറങ്ങുമ്പോള്‍ ഞാന്‍ ഒരു കാര്യം മനസ്സിലാക്കിയിരുന്നു. ഞാന്‍ വളരെ സ്നേഹിക്കുകയും എന്നോട് വളരെ വാത്സല്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്ന ഒരു അധ്യാപികയായിരുന്നു മേഴ്സി ടീച്ചര്‍.

Sunday, February 26, 2012

ഐസക്‌ സാറും പള്ളി തുറ സ്കൂളും............................................


This is "Copy & Paste" from my Facebook Page

ഈ ഗ്രൂപ്പില്‍ ഒരു വിഷയം ചര്‍ച്ചക്ക് വയ്ക്കണമെന്ന് രണ്ടു ദിവസമായി ഞാന്‍ വിചാരിക്കുന്നു. പലതും ആലോചിച്ചു. ഉചിതമായ ഒരു    വിഷയം കിട്ടിയില്ല. ഇന്ന് എന്റെ മനസ്സില്‍ തോന്നിയ ഒരു വിഷയം നിങ്ങളുമായി പങ്കു വയ്ക്കാം എന്ന് വിചാരിക്കുന്നു. പള്ളിതുര നാടിന്റെ അഭിമാനം എന്നാല്‍ പള്ളിതുര സ്കൂള്‍ ആണെന്നുള്ളത്‌ ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത ഒരു കാര്യമാണ്. ഒരു പതിനാറു പതിനേഴു വര്‍ഷം മുന്‍പ് വരെ ആ സ്കൂളില്‍ പഠിച്ചിരുന്നവര്‍ക്ക് സ്കൂള്‍ എന്നാല്‍ മനസ്സില്‍ ആദ്യം ഓര്‍മ്മ വരുന്ന പേര് ഐസക്‌ സാര്‍ എന്നായിരിക്കും. ആ സ്കൂളും അദ്ദേഹവുമായുള്ള ആത്മബന്ധം അത്രക്കുണ്ടായിരുന്നു.
എന്റെ ഓര്‍മ്മ ശെരിയാനെങ്കില്‍ ഞാന്‍ എട്ടാം ക്ലാസ്സിലോ ഒന്‍പതാം ക്ലാസ്സിലോ പഠിക്കുമ്പോഴാണ് അദ്ദേഹം റിട്ടയര്‍ ചെയ്യുന്നത്. അതുവരെ അദ്ദേഹം ആ സ്കൂളിലെ മുടിചൂട മന്നന്‍ തന്നെയായിരുന്നു. ഐസക്‌ സാറിന്റെ നിഴലിനെപ്പോലും അന്ന് എല്ലാവരും ഭയന്നിരുന്നു. സഹ അധ്യാപകരും സാറിന്റെ മുന്‍പില്‍ ഒന്നും എതിര്‍ത്ത് സംസാരിക്കാന്‍ അന്ന് ധൈര്യപ്പെട്ടിരുന്നില്ല. ഐസക്‌ സാര്‍ സ്കൂളിന്റെ ഉന്നമനത്തിനായി ചെയ്ത കാര്യങ്ങള്‍ ഒരിക്കല്‍ ഒരു പ്രസംഗത്തിനിടെ ഒരാള്‍ വിവരിക്കുന്നത് കേട്ടിട്ടുണ്ട്. പ്രധാനധ്യപകനായി അദ്ദേഹം സ്കൂളിന്റെ ചുമതല എല്ക്കുമ്പോള്‍ SSLC പരീക്ഷക്ക്‌ സ്കൂളിന്റെ വിജയശതമാനം 0 % ആയിരുന്നു. ചുമതല ഏറ്റശേഷം നടന്ന പരീക്ഷയില്‍ ഒരാള്‍ ജയിച്ചു. പിന്നീടത്‌ പടി പടി ആയി ഉയര്‍ന്നു അദ്ദേഹത്തിന്റെ അവസാന നാളുകളില്‍ 70 % നു മുകളില്‍ എത്തി.
 ഈ വിജയത്തിനുവേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കാന്‍ ഒരുകൂട്ടം നല്ല അധ്യാപകരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഇതുപോലുള്ള നേട്ടങ്ങള്‍ ഒരു സ്കൂളിനായി ഉണ്ടാക്കി കൊടുക്കുക എന്നുള്ളത് ചെറിയ കാര്യമല്ല. അതിനായി അദ്ദേഹം നടത്തിയ ശ്രമങ്ങളെ നമ്മള്‍ എന്നും സ്മരിക്കെണ്ടാതാകുന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്നുകൊണ്ട് കൂടുതല്‍ വിജയങ്ങള്‍ സ്കൂളിനായി നേടിക്കൊടുത്തിട്ടുണ്ട്. പക്ഷെ ഐസക്‌ സാര്‍ സ്കൂളിനു നല്‍കിയ ഒരു അടിതരയായിരുന്നു ഈ വിജയങ്ങളുടെ അടിസ്ഥാനം.
ഒരിക്കല്‍ കളക്ടര്‍ അവധി പ്രഖ്യാപിച്ച ഒരു ബന്ദ്‌ ദിനത്തില്‍ അദ്ദേഹം ക്ലാസ്സ്‌ നടത്താന്‍ തീരുമാനിച്ചത് ഞാന്‍ ഓര്‍ക്കുന്നു. ഒരു സ്വാര്‍ഥ താല്‍പര്യവും ഇല്ലാതെ സ്കൂളിന്റെ ഉന്നമനത്തിനായി വേണ്ടി മാത്രമായിരുന്നു ഇതുപോലുള്ള തീരുമാനങ്ങള്‍ അദ്ദേഹം എടുത്തിരുന്നത്. ഇതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ ആരോ പരാതി കൊടുക്കുകയും നടപടിയുടെ ഭാഗമായി പിഴ ഒടുക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. അദ്ദേഹതെകുരിച്ചുള്ള കൂടുതല്‍ ഓര്‍മ്മകള്‍ പങ്കുവക്കാന്‍ എന്റെ ജ്യേഷ്ടന്മാര്‍ ഈ വേദി ഉപയോഗിക്കും എന്ന് പ്രതീക്ഷിക്കുന്നു.
നല്ല തലയെടുപ്പും ആരോഗ്യവാനുമായിരുന്ന അദ്ദേഹത്തെ റിട്ടയര്‍ ചെയ്തു വളരെ വര്‍ഷങ്ങള്‍ക്കു ശേഷവും പലപ്പോഴും ഞാന്‍ കണ്ടിട്ടുണ്ട്. അപ്പോള്‍ അദ്ദേഹം വളരെ ക്ഷീണിതനായ അവസ്ഥയിലായിരുന്നു. പ്രായാധിക്യം മൂലമുള്ള വൈഷമ്യങ്ങള്‍ നേരിടുന്നതായി തോന്നി. സ്കൂള്‍ നിലനില്‍ക്കുന്നിടത്തോളം കാലവും അതിനു ശേഷവും അദ്ദേഹത്തിന്റെ പേര് പള്ളിതുരക്കാരുടെ മനസ്സില്‍ തങ്കലിപികളില്‍ കുറിച്ച് വച്ചിട്ടുണ്ടാവും. തീര്‍ച്ച.   
----------------------------------******-------------------------------------