Friday, August 18, 2017

ഞാൻ എന്ന സ്പോർട്സ് ഭ്രാന്തൻ

എണ്പതുകളുടെ അവസാനത്തിലാണ് പത്രവായന ഞാൻ ആരംഭിക്കുന്നത്. അന്ന് പ്രായം എട്ടോ ഒന്പതോ ആണ്. തുടക്കത്തിൽ പത്രത്തിലെ തലക്കെട്ടുകൾ ആണ് വായിച്ചിരുന്നതെങ്കിൽ അധികം വൈകാതെ പത്രവായന എങ്ങനെയോ ദൈനംദിന ജീവിതത്തിന്റെ ഒരു ഭാഗമായി മാറി. ഇത്രയും മുഖവുരയായി പറയാൻ കാരണം ആ പത്രവായന ആണ് എന്നിൽ ഒരു കളിഭ്രാന്തനെ സൃഷ്ടിച്ചെടുത്ത്.

1991 ൽ ആണെന്ന് തോന്നുന്നു ആദ്യമായി ക്രിക്കറ്റ് മത്സരങ്ങൾ കണ്ടു തുടങ്ങുന്നത്. ക്രമേണ കണ്ട മത്സരങ്ങളുടെ സ്കോർ ഷീറ്റുകൾ നോക്കുന്നത് ഹരമായി തുടങ്ങി. പിന്നെ പത്രം കിട്ടിയാൽ ആദ്യം നോക്കുന്നത് സ്പോർട്സ് പേജ് ആയി മാറി. ആദ്യമൊക്കെ ക്രിക്കറ്റും അതും ഇന്ത്യയുടെ മത്സരങ്ങളുടെ സ്കോറും ആയിരുന്നു നോക്കിയിരുന്നതെങ്കിൽ ക്രമേണ സ്പോർട്സ് പേജിലെ എല്ലാ വാർത്തകളും അരച്ചു കലക്കി കുടിക്കാൻ തുടങ്ങി. ദോഷം പറയരുതല്ലോ. അതുകൊണ്ടു സ്കൂളിൽ പഠിച്ച കാര്യങ്ങൾ  ഓർമ്മയിൽ ഇല്ലെങ്കിലും 1992 ലെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ രവി ശാസ്ത്രിയുടെ ഉയർന്ന സ്കോറോ 1996 ലെ ഇംഗ്ലണ്ട് പര്യടനത്തിൽ ഗാംഗുലി എത്ര സെഞ്ചുറി അടിച്ചു എന്നോ ആരെങ്കിലും ചോദിച്ചാൽ ഇപ്പോഴും കൃത്യമായി പറയാൻ കഴിയും.

കൂടുതൽ ഭ്രാന്തു ക്രിക്കറ്റ് മത്സരങ്ങളോട് ആയിരുന്നെങ്കിലും ചാനൽ ടെലികാസ്റ്റ് ചെയ്യുന്ന ടെന്നീസും ഫുട്ബാളും ഒക്കെ ഒന്നും ഒഴിവാക്കാതെ കാണാൻ തുടങ്ങി. 1996 ൽ ആണ് വീട്ടിൽ ആദ്യമായി ടീവി വാങ്ങുന്നത്. അതുവരെ ബന്ധു വീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലും ഒക്കെ ആയിരുന്നു ടീവി കാണാൻ പോയിരുന്നത്.

മത്സരങ്ങൾ കാണാൻ മാത്രമല്ല കളിക്കാനും ഒരുപാട് സമയം കണ്ടെത്തിയിരുന്നു. കളിക്കാൻ കൂടുതൽ താല്പര്യം ക്രിക്കറ്റും ബാഡ്മിന്റൻ ഉം ചെസ്സും ആയിരുന്നു. നല്ലൊരു കളിക്കാരൻ ആകാൻ കഴിഞ്ഞില്ലെങ്കിലും ജീവിതത്തിൽ നല്ലൊരു സമയം കളിച്ചു കളഞ്ഞിട്ടുണ്ട്. അതു ജീവിതത്തിന്റെ സുവർണ്ണ കാലഘട്ടമായി തന്നെ ഇപ്പോഴും കാണുന്നു.

സ്പോർട്സ് ഭ്രാന്തു തലക്കു പിടിച്ചിരുന്ന സമയത്തു ഒരിക്കൽ വിശ്വനാഥൻ ആനന്ദിന്റെ ചെസ്സ് മത്സരം ടെലികാസ്റ്റ് ചെയ്യുന്നത് അറിഞ്ഞു. അതു കാണാൻ ചെന്നപ്പോഴാണ് മനസ്സിലായത് അതൊക്കെ കാണാൻ അപാര ക്ഷമയും സഹനശേഷിയും വേണമെന്ന്. ഒരു പക്ഷെ ഇന്ത്യയിൽ ആനന്ദിന്റെ ചെസ്സ് മത്സരം ലൈവായി കാണാൻ ശ്രമിച്ച അപൂർവ്വം വ്യക്തികളിൽ ഒരാൾ ഞാൻ ആയിരിക്കും. എന്തായാലും മത്സരം പൂർണ്ണമായി കാണാതെ തന്നെ ഞാൻ സ്ഥലം വിട്ടു.

കോളജിൽ എത്തിയപ്പോഴും ക്രിക്കറ്റ് മത്സരഭ്രാന്തു മാറിയിരുന്നില്ല. പലപ്പോഴും പ്രധാന മത്സരങ്ങൾ നടക്കുമ്പോൾ വീട്ടിൽ അറിയാതെ ക്ലാസ്സിൽ കയറാതെ സുഹൃത്തുക്കളുടെ ഒപ്പം എവിടെയെങ്കിലും പോയി കളി കാണുമായിരുന്നു. വീട്ടിൽ അറിയാതെ കലൂരിൽ രണ്ടു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരവും കാണാൻ പോയിട്ടുണ്ട്.

സ്പോർട്സ് ഭ്രാന്തിനെ കുറിച്ചു പറയുമ്പോൾ നമ്മുടെ ആരാധന പാത്രങ്ങളെ കുറിച്ചും സൂചിപ്പിക്കനമല്ലോ. കപിൽ, ദ്രാവിഡ്, ഗാംഗുലി, സച്ചിൻ, സേവാങ്, ഗിൽക്രിസ്റ്, ലിയാൻഡർ പയസ്, പിറ്റ് സംപ്രസ്, ബോറിസ് ബേക്കർ, ഹന്സി ക്രോണ്യ, വസീം അക്രം, റോബർട്ടോ ബാജിയോ, ഓർട്ടഗോ, റൊണാൾഡോ, സിദാൻ, മാർട്ടീന ഹിൻജിസ്, സെർജി ബുബക, തുടങ്ങി പുതു തലമുറയിലെ നദാൽ, നെയ്മർ, കോഹ്ലി തുടങ്ങിയവർ ഒക്കെ ആണ് ഇഷ്ടതാരങ്ങൾ.

സ്പോർട്സ് ഭ്രാന്തിന്റെ ഭാഗമായി സ്പോർട്സ് സ്റ്റാർ മഗസിനും , മാതൃഭൂമി സ്പോർട്സ് മാഗസിനും ഒക്കെ കുറെ വർഷം സ്ഥിരമായി വരുത്തിച്ചു വീട്ടുകാരുടെ കാശു കുറെ കളഞ്ഞിട്ടുണ്ട്. അപ്പോൾ വാങ്ങിയ ചില ബുക്കുകൾ ഇപ്പോൾ കാണുമ്പോൾ തോന്നാറുണ്ട് മിക്കവാറും അതു ഞാനും എഴുതിയ ആളും മാത്രമേ വായിച്ചു കാണൂ എന്നു.  ആ സമയത്തു PSC കോച്ചിങ്ങിന്റെ ബുക്ക് വാങ്ങി പഠിച്ചിരുന്നെങ്കിൽ ഈ അറബി നാട്ടിൽ വന്നു ചൂട് കൊള്ളാതെ ഇന്ന് ഏതെങ്കിലും നല്ല സർക്കാർ പോസ്റ്റിൽ ഇരിക്കാമായിരുന്നു. ഇനി പറഞ്ഞിട്ടു എന്തു കാര്യം?

ഇന്ത്യൻ ടീമിന്റെ വിൻഡീസ് പര്യടനവും ലോകകപ്പ് ഫുട്ബാളും ആണ് എന്നെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ചിട്ടുള്ളത്. കാരണം മറ്റൊന്നുമല്ല. പാതിരാത്രി ഒരു മണിക്കും രണ്ടു മണിക്കും ഒക്കെയാണ് ഈ മത്സരങ്ങൾ. ഉറക്കമൊഴിച്ചു രാത്രി സൈക്കിൾ ചവിട്ടി കൂട്ടുകാരന്റെ വീട്ടിൽ പോയി മത്സരം കാണുന്ന ബുദ്ധിമുട്ടു ഒരുപാട് അനുഭവിച്ചിട്ടുണ്ട്. അതൊക്കെ ഒരു കാലം.

ഇപ്പോൾ കുറെ വർഷങ്ങൾ ആയി മത്സരങ്ങൾ കാണാൻ വേണ്ടി സമയം കണ്ടെത്താറില്ല. എങ്കിലും വീട്ടിൽ ഉള്ളപ്പോൾ മത്സരം ഇപ്പോഴും കാണാറുണ്ട്. അതു ക്രിക്കറ്റ് ആയാലും ഹോക്കി ആയാലും ടെന്നീസ് ആയാലും വേർതിരിവില്ല. Cricinfo മൊബൈൽ ആപ്പും ഡൌൺലോഡ് ചെയ്തു ഇട്ടിട്ടുണ്ട്. ഈ അവസരത്തിലാണ് സുരാജ് വെഞ്ഞാറമൂട് ന്റെ പ്രസിദ്ധമായ ഒരു ഡയലോഗ് ഓർമ്മ വരുന്നത്. " മുഖത്തു എത്ര വിനയം വാരി തേച്ചു വച്ചാലും ചില സമയങ്ങളിൽ ഉള്ളിന്റെ ഉള്ളിലെ ഫ്രോഡുകൾ പുറത്തു വരുമെന്ന് "